ചെക്കാലവിളാകത്ത് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. കടയ്ക്കാവൂർ ചെക്കാലവിളാകത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരുക്ക് പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് ഞാറത്ത് പറമ്പിൽ ആര്യൻ (റൂണി) (18) ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ജ്ഞാനദാസിന്റെ മകനായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് വന്ന സ്കൂട്ടി എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്നവർ തെറിച്ച്പോയിരുന്നു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് പൂത്തുറ, പൂമുഖം ബംഗ്ലാവിൽ ജോഷ് (17) ഗുരുതര പരുക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആര്യൻ എറണാകുളത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്യാസ് വെൽഡിങ് കോഴ്സ് വിദ്യാർത്ഥിആയിരുന്നു. അവധി കഴിഞ്ഞ് ഇന്ന് രാവിലെയോടെ എറണാകുളത്തേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകട മരണം സംഭവിച്ചത്. അച്ഛൻ ജ്ഞാനദാസ്, സഹോദരി സുരഭി.



















