കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ. പൗലോസ്, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണത്തിനായുള്ള ആവശ്യങ്ങളോ ഉന്നയിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസായിരുന്നു ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
എന്നാൽ, ഈ വിധിന്യായം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ ചോർന്നുവെന്നും, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിച്ചുകൊണ്ടും രജിസ്റ്റേർഡ് തപാലിൽ വ്യാപകമായി ഊമക്കത്തുകൾ പ്രചരിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവർക്കെല്ലാം ഇത്തരത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുകഞ്ഞത്. ഇതിന് പിന്നാലെയാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.
ഉദ്യോഗസ്ഥനെതിരെ പടയൊരുക്കം; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
വിചാരണ പൂർത്തിയായി വിധി പറഞ്ഞ ഒരു കേസിൽ, നിയമപരമായി അപ്പീൽ പോകുന്നതിനായി മുകളിൽ ശുപാർശ ചെയ്യുക എന്നതിനപ്പുറം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് കത്തയച്ചത് പോലീസ് മാനദണ്ഡങ്ങൾക്ക് പൂർണ്ണമായി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങൾ രംഗത്തെത്തി. ബൈജു കെ. പൗലോസിനെതിരെ അടിയന്തര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ഔദ്യോഗികമായി അന്വേഷണം ഏൽപ്പിച്ചത്.
ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ബൈജു കെ. പൗലോസ് ഉചിതമായ മാർഗ്ഗത്തിലൂടെ തന്നെയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പ്രത്യേകമായി പരാമർശിക്കുകയോ, ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ, പ്രത്യേക അന്വേഷണമോ നടപടിയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി. ജോസഫ് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.
‘ജുഡീഷ്യറിയെ സംശയിക്കുന്ന തെറ്റായ സന്ദേശം’; പരാതിക്കാരൻ രംഗത്ത്
ക്രൈംബ്രാഞ്ച് കത്തിന്മേൽ വ്യക്തത വരുത്തിയെങ്കിലും, ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ കത്തയക്കൽ വലിയ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു. പൊതുസമൂഹത്തിൽ പ്രചരിച്ച ഊമക്കത്തിൽ പൂർണ്ണമായും ജഡ്ജിമാരെയും ജുഡീഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. അത്തരം ഒരു കത്തിന്റെ പേരിൽ ഒരു ഔദ്യോഗിക പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കുന്നത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കും.
ഭരണഘടന ഉറപ്പുനൽകുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയനിഴലിലാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. അതിനാലാണ് ഈ വിഷയം അതീവ ഗൗരവത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ തയ്യാറായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ തത്കാലം അന്വേഷണ ഉദ്യോഗസ്ഥന് ആശ്വാസമാണെങ്കിലും, ജുഡീഷ്യറിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.




















