മഹാകവി കുമാരനാശാന്റെ 151-ാമത് ജന്മദിനാഘോഷങ്ങൾ കായിക്കരയിൽ സമാപിച്ചു. ഒരാഴ്ചകാലം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആശാൻ 151-ാമത് ജന്മദിനം ആഘോഷിച്ചത്.
കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ, ആർ. ശങ്കർ അനുസ്മരണ സമ്മേളനം, മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും കണ്ടുമുട്ടിയതിന്റെ ശതാബ്ദി സമ്മേളനം, ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി സമ്മേളനം,വനിതാ സമ്മേളനം, കാവ്യാർച്ചന,കാവ്യസംവാദം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ യുവ കവികൾക്കുള്ള കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരവും വിതരണം ചെയ്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് യുവകവി പുരസ്കാരം.

കായിക്കരയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, യുവകവി പുരസ്കാര വിതരണവും നിർവഹിച്ചു.
ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു. ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു. ജന്മശതാബ്ദി സ്മാരക ഗ്രന്ഥശാലയ്ക്ക് 201 എൻജിനിയറിംഗ് പുസ്തകങ്ങൾ കൈമാറിയ എൻജിനിയർ ഹരീന്ദ്രനാഥനെ ചടങ്ങിൽ ആദരിച്ചു.
കലാസാഹിത്യമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും കാഷ് പ്രൈസും മഹാകവി കുമാരനാശാന്റെ പൗത്രി നളിനി വിജയരാഘവൻ വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, യുവകവി പുരസ്കാരം നേടിയ കലേഷ്,ഗവേണിംഗ് ബോഡി അംഗങ്ങളായ, സി.വി.സുരേന്ദ്രൻ, അഡ്വ.ആനയറ ഷാജി,ഗീത നസീർ, ശാന്തൻ എന്നിവർ സംസാരിച്ചു.
ചുരുങ്ങിയ സമയങ്ങൾ കൊണ്ട് ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥം തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രനെ അസോസിയേഷൻ ഗവേണിംഗ് ബോഡി അനുമോദിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് സ്വാഗതവും സെക്രട്ടറി വി.ലൈജു നന്ദിയും പറഞ്ഞു.

















