വേതനവർധനയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ, സംസ്ഥാന ഭാരവാഹികളായ 5 നേതാക്കൾക്ക് നോട്ടിസ് അയച്ച് പൊലീസ്. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ജില്ലാപ്രസിഡന്റ് എസ്.മിനി, കെ.പി.റോസമ്മ, ഷൈല കെ.ജോൺ എന്നിവർക്കാണ് പൊലീസ് നോട്ടിസ് നൽകിയത്.
14നു നടത്തിയ സമരവുമായി ബന്ധപ്പെട്ട് അഞ്ചു നേതാക്കൾക്കും നൂറ്റി അൻപതോളം പ്രവർത്തകർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, നിയമവിരുദ്ധമായ സംഘംചേരൽ, പൊതുവഴി തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുത കണ്ടെത്തുന്നതിനും സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.