കിളിമാനൂർ: ആസ്വാദനത്തിന്റെയും ആശയ സംവേദനത്തിന്റെയും നവ്യാനുഭവം പകർന്ന് നൽകുവാൻ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ സർഗ്ഗസൃഷ്ടി അരങ്ങിലേയ്ക്ക്. കിളിമാനൂർ ബി.ആർ സി യുടെ കീഴിലുള്ള കുട്ടികൾ ആണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ പൊതു സമൂഹത്തെ ബോധവത്കരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള നാടകവുമായി അരങ്ങിലെത്തുന്നത്. പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കുന്നു.

പ്രശസ്ത നാടക പരിശീലകനും ചലച്ചിത്ര താരവുമായ റെജു ശിവദാസ് ആണ് നാടക പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒരേ സമയം സർഗ്ഗാത്മകവും ലഹരിയ്ക്ക് എതിരെ ബോധവത്കരിക്കാൻ ഉതകുന്നതുമാണ് ചിറകുകൾക്ക് പറയാനുള്ളത് എന്ന ഈ നാടകം. കിളിമാനൂർ ബിആർസി പരിധിയിലെ ഭിന്നശേഷി കുട്ടികൾ അവരുടെ കൂട്ടുകാരോടൊപ്പം കിളിമാനൂർ രാജാരവിവർമ്മ സ്മാരക സാംസ്കാരികനിലയത്തിൽ നാടകത്തിന്റെ ആദ്യ അവതരണം നടത്തും. അതോടൊപ്പം “വേണ്ട ലഹരി” എന്ന നൃത്താവിഷ്ക്കാരവും ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ അറിവിന്റെ മത്സരത്തിൽ മാറ്റുരയ്ക്കുന്ന അറിവരങ്ങ്’ എന്ന മെഗാ ക്വിസ് പ്രോഗ്രാമും നടക്കുകയാണ്.

















