ബിഹാർ: സിബിഐ ‘മരണപ്പെട്ടു’ എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിസമക്ഷം ജീവനോടെ ഹാജരായി. മാധ്യമ പ്രവർത്തകൻ രാജ്ദേവ് രഞ്ജൻ വധിക്കപ്പെട്ട കേസിലെ സാക്ഷി, ബദാമി ദേവിയാണ് ഇന്നലെ കോടതിയിലെത്തിയത്. താൻ മരിച്ചിട്ടില്ല എന്നും, അങ്ങനെ സ്ഥാപിക്കാനുള്ള സിബിഐയുടെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അവർ മൊഴി നൽകി.
കഴിഞ്ഞ മെയ് 24 -നാണ് സിബിഐ ഇവർ മരിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാൽ വോട്ടർ ഐഡി കാർഡും പാൻ കാർഡും അടക്കം സാക്ഷി കോടതിയിലെത്തിയതോടെ കേസ് നിർണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

”ഹുസൂർ, ഞാൻ മരിച്ചിട്ടില്ല. സിബിഐ ആണ് ഞാൻ മരിച്ചതായി പറഞ്ഞത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയുടെ ഭാഗമാണ്”, ബദാമി ദേവി കോടതിയിൽ പറഞ്ഞു. കേസിലെ ഏറ്റവും നിർണായക സാക്ഷിയാണ് ബദാമി ദേവി. ഈ സാക്ഷിയാണ് കഴിഞ്ഞ മെയിൽ മരിച്ചുവെന്ന് കാട്ടി സിബിഐ റിപ്പോർട്ട് നൽകിയത്.
”ഇത് സിബിഐയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ്. ഇങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി പെരുമാറുന്നതെങ്കിൽ എന്ത് ചെയ്യും?”, ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. ശരദ് സിൻഹ പറഞ്ഞു. ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും, ഏതെങ്കിലും കാര്യങ്ങൾ അന്വേഷിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു.


















