തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്നും കൊള്ളയടിച്ച 15 ലക്ഷം രൂപയില്‍ നിന്ന്, 12 ലക്ഷം രൂപ പ്രതി റിജോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെടുത്തത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെടുത്തത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാള്‍ തിരികെ നല്‍കിയിരുന്നു. റിജോ ആന്റണിയെ അറസ്റ്റ് ചെയ്ത സമയത്തു തന്നെ അന്നനാട് സ്വദേശി ഈ പണം ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി കൈമാറി. കൊള്ളയടിച്ച പണം കൊണ്ട് റിജോ മദ്യം ഉള്‍പ്പെടെ വാങ്ങിയതായി പൊലീസ് പറഞ്ഞു.
ബാങ്കില്‍ കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലാണെന്ന് പ്രതി റിജോ പൊലീസിനോട് പറഞ്ഞു. നാലു ദിവസം മുമ്പാണ് ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ബാങ്ക് മാനേജര്‍ മണ്ടനാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കത്തി കാണിച്ചപ്പോള്‍ തന്നെ മാനേജര്‍ ഒഴിഞ്ഞുമാറി. ബാങ്കിലെ ജീവനക്കാര്‍ ആരെങ്കിലും എതിര്‍ത്തിരുന്നെങ്കില്‍ കവര്‍ച്ചയില്‍ നിന്നും പിന്മാറിയേനെ. ബാങ്കിലെ മുഴുവന്‍ പണവും എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും റിജോ പറഞ്ഞു. ബാങ്ക് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നു.
പ്രവാസിയായിരുന്ന റിജോ കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന റിജോ രണ്ടു വര്‍ഷം മുന്‍പാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്. സ്വന്തം അക്കൗണ്ടുള്ള പോട്ട ഫെഡറല്‍ ബാങ്ക് തന്നെയാണ് പ്രതി കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. കവര്‍ച്ചയ്ക്ക് മുമ്പായി ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. തുടര്‍ന്ന് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു.
ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചാണ് കവര്‍ച്ചയ്ക്ക് പോയത്. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് വസ്ത്രങ്ങളും കയ്യില്‍ കരുതി. സിസിടിവി പരിശോധിച്ചാലും കുടുങ്ങാതിരിക്കാനായിരുന്നു നീക്കം. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ മാറ്റം തോന്നാന്‍ റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയപാതയില്‍ അടക്കം നിരീക്ഷണ കാമറകള്‍ ഒഴിവാക്കിയാണ് റിജോ വീട്ടിലെത്തിയത്. മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നതാണ് പൊലീസിന് പിടിവള്ളിയായത്.