ആറ്റിങ്ങൽ: ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങലിൽ, ഹൈസ്കൂൾ യുപി വിഭാഗങ്ങളുടെ പഠനോത്സവം സ്കൂൾ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. 2024 – ’25 അധ്യയനവർഷം വിവിധ വിഷയങ്ങളിൽ കുട്ടികൾ നേടിയ മികവുകളും, പഠന നേട്ടങ്ങളും പൊതുജന മധ്യത്തിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾതലത്തിൽ പഠനോൽസവം സംഘടിപ്പിച്ചിട്ടുള്ളത്.
2025 മാർച്ച് 4ന് രാവിലെ 9.30ന് പഠനോത്സവ പരിപാടികൾ ആരംഭിച്ചു. സ്കൂൾ തല പഠനോത്സവം പ്രിൻസിപ്പാൾ ജവാദ് എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പി ടി എ പ്രസിഡന്റ് എസ് സന്തോഷ് അധ്യക്ഷനായി. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ എം സ്വാഗതം പറഞ്ഞു. പഠനോത്സവത്തെ വിശദീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ കെ അനിൽകുമാർ സംസാരിച്ചു. പഠന മികവുകളെ കുറിച്ച് സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സംസാരിച്ചു. ഉദ്ഘാടന പരിപാടിക്ക് അധ്യാപിക രാധിക ആർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പഠനോത്സവ പരിപാടികൾ വേദിയിൽ അരങ്ങേറി.
എട്ടാം ക്ലാസിലെ അരുന്ധതിയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടോടുകൂടിയാണ് പഠനോത്സവ പരിപാടികൾ ആരംഭിച്ചത്. എട്ടാം ക്ലാസിലെ രുദ്രയും സംഘവും അവതരിപ്പിച്ച ഗണിത ഡാൻസ് കൗതുകം ഉണർത്തുന്നതായി. യുപി വിഭാഗത്തിലെ ലോക എസ് ഹ്യൂമൻ ബോഡി ഡൈജസ്റ്റിക് സിസ്റ്റം പ്രസന്റേഷൻ അവതരിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ആൽബിൻ ജോയിയും ഐശ്വര്യയും മാതംഗിയും ആനന്ദഭിക്ഷുവുമായി അരങ്ങിലെത്തിയ ചണ്ഡാലഭിക്ഷുകിയുടെ രംഗാവിഷ്കാരം പഠനോത്സവത്തിന്റെ തിളക്കമുള്ള പരിപാടിയായി മാറി. എട്ടാം ക്ലാസിലെ എയ്ഞ്ചൽ, അഭിമിത്ര, അനന്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസന്റേഷനും പഠനോത്സവത്തിന് തിളക്കം നൽകി.
എട്ടാം ക്ലാസിലെ വൈകയും സ്മൃതിയും ചേർന്ന് ഹിന്ദി ക്ലബ്ബിനുവേണ്ടി കാർട്ടൂൺ പ്രസന്റേഷൻ അവതരിപ്പിച്ചു. എസ് എസ് വിഭാഗം അവതരിപ്പിച്ച സ്കിറ്റിന് 9E ക്ലാസിലെ കാർത്തിക് നേതൃത്വം നൽകി. 8E യിലെ അൻവർ സയൻസ് ഗാനം ആലപിച്ചു. മലയാള വിഭാഗത്തിന് വേണ്ടി നിവേദ് കൃഷ്ണ (9 ഡി ) ആടുജീവിതം സിനിമ നിരൂപണം അവതരിപ്പിച്ചു. എസ് എസ് വിഭാഗം അവതരിപ്പിച്ച സംഘഗാനത്തിന് അനാമിക ബിജു നേതൃത്വം നൽകി. സ്മൃതി & ടീം ഇംഗ്ലീഷ് കൊറിയോഗ്രാഫി ചെയ്ത് കയ്യടി നേടി.
ഹിന്ദി കവിതാലാപനം നിരഞ്ജന അവതരിപ്പിച്ചു. ശാസ്ത്ര വിഭാഗം അവതരിപ്പിച്ച സംഘഗാനത്തിന് പൗർണമി ആൻഡ് ടീം നേതൃത്വം നൽകി. എട്ടാം ക്ലാസിലെ അരുന്ധതി ആന്റ് ടീം ഇംഗ്ലീഷ് സ്കിറ്റും, മിത്ര ആൻഡ് പാർട്ടി ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു. ജീവിതം തന്നെ ലഹരി എന്ന യുപി വിഭാഗത്തിന്റെ കുട്ടികളുടെ സ്കിറ്റോടുകൂടി ഈ വർഷത്തെ സ്കൂൾ തല പഠനോത്സവ പരിപാടികൾ സമാപിച്ചു. വരുന്ന ആഴ്ചകളിൽ പഠനോത്സവം സ്കൂളിന് പുറത്തുള്ള പൊതുവേദികളിൽ അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയാണ് സ്കൂൾതലത്തിലെ ഇന്നത്തെ പഠനോത്സവം.



















