കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിന് സമീപം ഹോട്ടല്‍ ജീവനക്കാരനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച അപകടം മറിഞ്ഞുകിടന്ന സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്. തിങ്കളാഴ്ച അര്‍ധരാത്രി ബസിനടിയില്‍പ്പെട്ട് പനമറ്റം അക്കരക്കുന്ന് കാവില്‍ത്താഴെ രാജേന്ദ്രന്‍പിള്ള(56)യാണ് മരിച്ചത്. പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് പനമറ്റത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുകിടന്ന സ്‌കൂട്ടറില്‍ ബസിടിക്കുകയായിരുന്നുവെന്ന് പൊന്‍കുന്നം ഡിപ്പോയിലെ പെരിക്കല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ വി.എസ്.സുരേഷ് പോലീസില്‍ മൊഴിനല്‍കി.
ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ? അന്വേഷണം ആ വഴിക്കും
മറ്റേതെങ്കിലും വാഹനം സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞുവീണതാണോയെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴിയില്ലെന്ന് പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിന്‍ ലൂയിസ് പറഞ്ഞു. അപകടത്തില്‍പെട്ട സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി.ബസും ഫൊറന്‍സിക് വിഭാഗം പരിശോധിച്ച് തെളിവെടുത്തു.



















