തോക്കുചൂണ്ടി 80 ലക്ഷം കവർന്ന കേസ്: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

Oct 9, 2025

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ജീവനക്കാരെ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. തോക്കു ചൂണ്ടി കവർച്ചയ്ക്ക് പിന്നിൽ ജോജി, ജിഷ്ണു എന്നിവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസിൽ ഇന്നലെ പിടിയിലായ വടുതല സ്വദേശി സജി തട്ടിപ്പു സംഘത്തിന്റെ ഏജന്റാണെന്നും പൊലീസ് സൂചിപ്പിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള പണം ഇരട്ടിയായി നൽകുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ നൽകിയാൽ 1 കോടി 10 ലക്ഷമായി നൽകുമെന്നായിരുന്നു കവർച്ചയ്ക്ക് ഇരയായ സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകിയ വാ​ഗ്ദാനമെന്നാണ് റിപ്പോർട്ട്. തോപ്പുംപടി സ്വദേശി സുബിന്റേതാണ് സ്റ്റീൽ കമ്പനി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിലായിരുന്നു തട്ടിപ്പിന് കളമൊരുങ്ങിയത്. കസ്റ്റഡിയിലുള്ള സജി വഴി പരിചയപ്പെട്ട ജോജി, ജിഷ്ണു എന്നിവരുമായാണ് നോട്ട് ഇരട്ടിപ്പിക്കൽ ഇടപാട് ഉറപ്പിച്ചിരുന്നത്.

സുബിൻ തന്റെ അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഇതിൽ 80 ലക്ഷം രൂപ സ്റ്റീൽ കമ്പനി ഓഫീസിൽ വെച്ച് സജി, ജോജി, ജിഷ്ണു എന്നിവർ ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇതിനിടെയാണ് മുഖം മൂടി ധരിച്ച മൂന്നം​ഗ സംഘം ഇവിടേക്ക് കടന്നു വരികയും തോക്കു ചൂണ്ടി, പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവരുകയും ചെയ്തത്. ഈ ആക്രമണം ആസൂത്രിതമായിരുന്നുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം എണ്ണി ഉറപ്പാക്കിയതിനു പിന്നാലെ അക്രമി സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നി​ഗമനം.

കവർച്ചയ്ക്ക് പിന്നിൽ ആറം​ഗ സംഘമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ധാരണ പ്രകാരമുള്ള 1 കോടി 10 ലക്ഷം രൂപ അക്കൗണ്ടിൽ വന്നശേഷം 80 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് സജി സ്റ്റീൽ കമ്പനി ഉടമയോട് പറഞ്ഞിരുന്നത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കമ്പനിയിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമാണ്. ഇത് തട്ടിപ്പു സംഘം നിർദേശിച്ച പ്രകാരം ഓഫാക്കിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

LATEST NEWS