ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 44.78 കോടി ചെലവാക്കിയതായി റിപ്പോർട്ട്. 2020 നും 2022 നും ഇടയിലാണ് വീട് മോടിപിടിപ്പിക്കാൻ ഡൽഹി സർക്കാർ ഇത്രയും പണം ചെലവാക്കിയത്. ഇറക്കുമതി ചെയ്ത മാർബിൾ, ഇന്റീരിയറുകൾ, ഇലക്ട്രിക്കൽ ഫിക്‌ചറുകൾ, ഉയർന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസിക്ക് ഒരു കോടി രൂപ നൽകി. ഇലക്ട്രിക്കൽ, ഓട്ടോമാറ്റിക് സ്മാർട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബിൽറ്റ്-ഇൻ ബാർബിക്യൂ ചാർക്കോൾ ഗ്രിൽ ഉൾപ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങൾക്ക് 1.10 കോടി രൂപയായി. തടികൊണ്ടുള്ള ഫ്ളോറിന് ഒരു കോടി രൂപ ചെലവായെന്ന് രേഖകളിൽ പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എഎപിക്കെതിരെ വ്യാപക വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ വസതി ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നും ബിജെപി പരിഹസിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥയിലായിരുന്നെന്നും അതിനാലാണ് നവീകരിച്ചതെന്നുമാണ് എഎപി പറയുന്നത്.

















