ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ

Aug 15, 2026

seena

കല്ലമ്പലം: ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ. ചാവർകോട് സ്വദേശികളായ അനീഷ് എന്ന ഹരിലാൽ (34), ഉണ്ണി എന്ന സുമേഷ് (34), ബിജു (47), പൊടി എന്നറിയപ്പെടുന്ന വിനോദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ബിലാലിനെ ആക്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.

ഓണാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച അത്തത്തിട്ട പ്രതികൾ പൊളിച്ചുമാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് ബിലാൽ ഇടപെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആഗസ്റ്റ് 11-ന് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് ചാവർകോട് നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനെ വീടിന് സമീപത്തെ ചപ്പാത്തിക്കടയ്ക്ക് സമീപത്ത് പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് മർദിക്കുകയും, തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയശേഷം പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.

മർദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ വീണ്ടും പിടികൂടി പാറക്കല്ല് ഉപയോഗിച്ച് നടുവിലും വലത് കൈയിലും ഇടത് കാലിലും ആക്രമിച്ചതായും, ഇതുമൂലം നട്ടെല്ലിനും തലയ്ക്കും ഉൾപ്പെടെ ഗുരുതര പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ മുഹമ്മദ് ബിലാലിന്റെ തലയ്ക്ക് 25 തുന്നിക്കെട്ടുകൾ വേണ്ടിവന്നതോടൊപ്പം നട്ടെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബിലാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവിവരം അറിഞ്ഞെത്തിയ കല്ലമ്പലം പോലീസ് മുഹമ്മദ് ബിലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട നാലും, ആറും പ്രതികളെ ഉടൻ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

cake tower new
LATEST NEWS