ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ സൈന്യം. തന്ത്രപ്രധാനമായ ജലപാത പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കപ്പലുകള്‍ കടന്നുപോകുന്നുവെന്നത് അമേരിക്കയുടെ തെറ്റായ അവകാശവാദങ്ങളാണെന്നും ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡായ ഖതം-അല്‍ അന്‍ബിയയുടെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പറഞ്ഞു.
ഇറാന്റെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുന്‍കാലങ്ങളിലേത് പോലെ ഹോര്‍മൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂര്‍ണ നിയന്ത്രണത്തിലും ഭരണനിര്‍വഹണത്തിലുമാണ് ഇബ്രാഹിം സോള്‍ഫാഗാരിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ സായുധ സേനയുടെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധപ്പെട്ട ബസീജ് അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍ ഹൊസൈന്‍ തായിബും ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്നു.
ഹോര്‍മൂസില്‍ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇറാന്‍ ഹോര്‍മൂസിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിരുന്നു.കടലിടുക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകള്‍ക്ക് അനുമതി നേടാനും ഗതാഗത ഫീസ് നല്‍കാനും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

















