കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Sep 18, 2026

വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ക്രൂരമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു കരാറുകാരന്റെ കീഴിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു.

മുണ്ടൂരിൽ കരാറുകാരന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച മുതൽ ബാബുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലും അന്വേഷണത്തിലുമാണ് ബാബു സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വട്ടായി വനമേഖലയോട് ചേർന്ന് അനാഥമായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസും പേരാമംഗലം പോലീസും നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കാടിനുള്ളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു.

വിപുലമായ തിരച്ചിലിനൊടുവിൽ വാഹനത്തിന് സമീപത്തെ വനത്തിനുള്ളിൽ ബാബുവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

LATEST NEWS