പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

Oct 8, 2026

seena

കോഴിക്കോട്: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം സ്വദേശമായ തിരുവനന്തപുരത്ത് ഇന്ന് നടക്കും.

1950 ഓഗസ്റ്റ് 24-ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അന്തരിച്ച റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം അന്തരിച്ചത്. സജിത്ത്, സോജ എന്നിവരാണ് മക്കൾ.

ചിറയിൻകീഴിൽ സ്ഥിതി ചെയ്യുന്ന പ്രേംനസീറിന്റെ 60 വർഷത്തിലധികം പഴക്കമുള്ള പ്രശസ്തമായ തറവാട്ടു വീടിന് നൽകിയിരിക്കുന്നത് മൂത്ത മകളുടെ പേര് ചേർത്ത് ‘ലൈലാ കോട്ടേജ്’ എന്നാണ്. പിതാവ് പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ്മകൾ ഉൾപ്പെടുത്തി ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ ഇവർ പുസ്തകം രചിച്ചിട്ടുണ്ട്. നടൻ ഷാനവാസ് സഹോദരനും റസിയ, റിത എന്നിവർ സഹോദരിമാരുമാണ്.

cake tower new
LATEST NEWS