ഫേസ്ബുക്ക് കുറിപ്പെഴുതിയ ശേഷം ഹോട്ടലുടമ ജീവനൊടുക്കി

Oct 19, 2021

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്മഹത്യ.

ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു ശേഷമാണ് സരിൻ ജീവനൊടുക്കിയത്.

സരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ക്‌ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം, കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ. എല്ലാം തകർന്നപ്പോൾ ലോക്ക്‌ഡൗൺ മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല.

എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്തെ സഹായിക്കുക. സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. NB എന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം, മകൾക്ക് ഓൺലൈൻ ക്ലാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.

LATEST NEWS