തൊടുപുഴ: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം കൂടി പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് തൊടുപുഴയ്ക്ക് സമീപത്തെ ജോര്‍ജുകുട്ടിയുടെ വീട്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമയെ ത്രസിപ്പിച്ച കഥയിലെ കേന്ദ്രബിന്ദുവായ ഈ വീട് ഇന്ന് സിനിമ പ്രേമികളുടെ ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്.
സിനിമാ പ്രേമികള്‍ക്ക് ഈ വീട് വെറുമൊരു കെട്ടിടമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ ദൃശ്യ പ്രപഞ്ചത്തിന്റെ ഹൃദയഭാഗമാണ്. തൊടുപുഴ വഴിത്തലയിലെ മടത്തില്‍പറമ്പില്‍ എം കെ. ജോസഫിന്റെ ഈ വീടാണ് ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും ജോര്‍ജുകുട്ടിയുടെ വീടായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ദൃശ്യം 3’ റിലീസ് ചെയ്തതോടെ ഈ വീടും പറമ്പും വീണ്ടും ചര്‍ച്ച ആവുകയാണ്.
വരുണ്‍ പ്രഭാകരന്റെ കൊലപാതകവും അത് മറച്ചുവെക്കാന്‍ ജോര്‍ജുകുട്ടി നടത്തുന്ന ആസൂത്രണങ്ങളും ഒക്കെ നടന്നത് ഈ വീടിനുള്ളില്‍ വച്ചാണ്. ഷൂട്ടിങ് ദിനങ്ങളിലും അല്ലാത്തപ്പോഴും സിനിമ പ്രേമികള്‍ വീട്ടിലേക്ക് എത്താറുണ്ടെന്നാണ് ജോസഫ് പറയുന്നത്. എല്ലാവരെയും സ്വീകരിക്കാന്‍ ഈ കര്‍ഷകന്‍ തയ്യാറാണ്. വീട് മാത്രമല്ല തൊടുപുഴയ്ക്ക് സമീപത്തെ ദൃശ്യം ചിത്രീകരിച്ച മറ്റിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.




















