ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16 നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്നിടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നാഗാലാന്‍ഡ് നിയമസഭയുടെ കാലാവധി മാര്‍ച്ച് 12 നും, മേഘാലയില്‍ മാര്‍ച്ച് 15 നും ത്രിപുരയില്‍ മാര്‍ച്ച് 22 നും അവസാനിക്കും.

















