കൊല്ലം: കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസ്. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെയും സംഘത്തേയും കാട്ടാന ഓടിക്കുകയായിരുന്നു.
ഏഴു മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വനത്തിൽ വെച്ച് കാട്ടാന ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നത്. ഡെപ്യൂട്ടി റയ്ഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.
കാട്ടാനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിയതോടെയാണ് ആന വിരണ്ടത്. തുടർന്ന് ആന വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

















