കുട്ടിയാനയുടെ ജഡം സംസ്കരിച്ചു, അമ്മയാന ഉൾവനത്തിലേക്കു മടങ്ങി

Jan 18, 2023

seena

പാലോട്: ചരിഞ്ഞ കുട്ടിയാനയ്ക്കരികിൽ നിലയുറപ്പിച്ച അമ്മയാന ഉൾവനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ജഡത്തിനു സമീപം ഒന്നര ദിവസത്തോളം തുടർന്ന അമ്മയാന ഉപേക്ഷിച്ചു മടങ്ങിയ സ്ഥലത്തിനു സമീപം ആയിരുന്നു പോസ്റ്റ് മോർട്ടം നടത്തിയതും ചിത ഒരുക്കി കുട്ടിയാനയെ സംസ്കരിച്ചതും. മുഖം കൊണ്ടുരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. കുട്ടിയാന ഉണരുമെന്ന അമ്മയാനയുടെ കാത്തിരിപ്പ് ഇന്നലെ രാവിലെ പതിനൊന്നോടെ അവസാനിച്ചു.

പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച മുഴുവനും പിറ്റേന്നുമായി ഏതാണ്ടു 40 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയാണ് അമ്മയാന ജഡത്തിനു സമീപം തുടർന്നത്. ജഡത്തിന് അരികിൽ നിന്നും അമ്മ മാറി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം ഏറെ വൈകാതെ വനം വകുപ്പ് സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പിന്നാലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. എസ്.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി.

വാൽ ഇല്ലാത്ത വൈകല്യം ബാധിച്ച ആന ആണു ചരിഞ്ഞതെന്നും രണ്ടര വയസ്സു പ്രായമുള്ള കുട്ടിക്കൊമ്പൻ ആണെന്നും പാലോട് വനം റേഞ്ച് ഓഫിസർ എസ് രമ്യ പറഞ്ഞു. ആന്തരിക അവയവങ്ങളിൽ പലതും തകരാറിലായിരുന്നു. ശ്വാസകോശം പൊട്ടിയ അവസ്ഥയിൽ ആയിരുന്നു. ജന്മനാ തന്നെ ഒന്നിൽ കൂടുതൽ വൈകല്യങ്ങൾ ഉള്ള ആന ആയിരുന്നു എന്നാണു സൂചന. മരണം സ്വാഭാവികം ആണെന്നും ദുരൂഹത എന്തെങ്കിലും ഉണ്ടെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണു വനം വകുപ്പിന്റെ പക്ഷം

cake tower new
LATEST NEWS