തിരുവനന്തപുരം: ഇ – ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം വി കെ പ്രശാന്ത് എം എല്‍ എ നിര്‍വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ – ശ്രം പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 16 നും 59 നും ഇടയില്‍ പ്രായമുള്ള ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.
കര്‍ഷകര്‍, വീട്ടുജോലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പത്ര ഏജന്റുമാര്‍, ബീഡിത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തടിപ്പണിക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയാം. register.eshram.gov.in എന്ന പോര്‍ട്ടലില്‍ ആധാര്‍, ബാങ്ക് അകൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഒ ടി പി വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റര്‍ ചെയാം. അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും സൗജന്യമായി രജിസ്റ്റര്‍ ചെയാം.
തൊഴില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) ബിച്ചു ബാലന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബീനാമോള്‍ വര്‍ഗ്ഗീസ്, ലേബര്‍ ഓഫീസര്‍ വിജയകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ബി എസ് രാജീവ്, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.