ന്യൂഡല്ഹി: ഭക്ഷോല്പ്പന്ന മേഖലയില് കളംപിടിച്ച റിലയന്സ് ഇന്ഡസ്ട്രീസ് പാല് വിപണി പിടിക്കാനുള്ള നീക്കവുമായി രംഗത്ത്. റിലയന്സ് ഇന്ഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയന്സ് കണ്സ്യൂമര് പ്രോഡക്ട്സ് ലിമിറ്റിഡ് ജോയ് ലാന്ഡ് എന്ന പേരില് ഫ്ളേവേഡ് മില്ക്ക് അവതരിപ്പിച്ചു. റെഡി ടു ഡ്രിങ്ക് ഡയറി വിപണിയിലേക്ക് പ്രവേശനം പ്രഖ്യാപിച്ച് തമിഴ്നാട്ടിലാണ് പുതിയ ഉല്പ്പന്നം വിപണിയില് എത്തിച്ചത്.
20 രൂപ വിലയുള്ള ജോയ് ലാന്ഡ് തുടക്കത്തില് തമിഴ്നാട്ടില് സ്ട്രോബെറി, വാനില രുചികളിലാണ് വിപണിയിലെത്തുന്നത്. ലോകോത്തര നിലവാരമുള്ള ഉല്പ്പന്നങ്ങള് സാധാരണക്കാരുടെ ബജറ്റില് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ ലോഞ്ചിന് ശേഷം ഘട്ടംഘട്ടമായി കേരളം ഉള്പ്പെടെ ഇന്ത്യയിലുടനീളം ഉല്പ്പന്നം വിപണിയില് ലഭ്യമാക്കുകയാണ് കമ്പനിയുടെ പദ്ധതി. വരുംദിവസങ്ങളില് കൂടുതല് രുചികളോടെ പുതിയ ഡയറി ഉല്പ്പന്നങ്ങള് വിപണിയില് അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ വിലയില് കാംബ കോള വിപണിയിലിറക്കി പെപ്സി, കൊക്കകോള പോലുള്ള വമ്പന്മാരെ നേരിട്ട ശൈലി തന്നെയാണ് ഡയറി മേഖലയിലും കമ്പനി സ്വീകരിക്കുക.
അമൂല്, മില്മ, മദര് ഡെയറി, നന്ദിനി തുടങ്ങിയ പ്രമുഖ ബ്രാന്ഡുകള്ക്ക് ഇതിനകം സാന്നിധ്യമുള്ള വിഭാഗത്തിലേക്കാണ് റിലയന്സിന്റെ പ്രവേശനം. കുറഞ്ഞ വിലയും റിലയന്സിന്റെ വിപുലമായ വിതരണ ശൃംഖലയും ജോയ്ലാന്ഡിന് മത്സരത്തില് നേട്ടമാകുമെന്നാണ് വിലയിരുത്തല്. റെഡി-ടു-ഡ്രിങ്ക് ഡയറി വിപണിയിലേക്ക് റിലയന്സ് വരുന്നത് കേരളത്തിലെ ഡയറി വിപണിയിലും പുതിയ മത്സരത്തിന് കാരണമായേക്കാം. കേരളത്തില് ഫ്ളേവേഡ് മില്ക്ക് വിപണിയില് ദേശീയ, പ്രാദേശിക ബ്രാന്ഡുകള് തമ്മിലുള്ള മത്സരം ഇതിനകം ശക്തമാണ്. കുറഞ്ഞ വിലയും വിപുലമായ വിതരണശൃംഖലയുമുള്ള റിലയന്സ് കേരളത്തിലെത്തിയാല് ഈ വിഭാഗത്തിലെ മത്സരം കൂടുതല് കടുക്കാനാണ് സാധ്യത. റിലയന്സിന്റെ ഓണ്ലൈന്-ഓഫ്ലൈന് സാന്നിധ്യം മില്മ ഉള്പ്പെടെയുള്ള കേരള കമ്പനികള്ക്ക് വെല്ലുവിളിയാകും.
ജോയ്ലാന്ഡിന്റെ വരവ് മില്മയുടെ പ്രധാന വരുമാന മാര്ഗമായ പാല് ബിസിനസിന് ഉടന് വലിയ ഭീഷണിയായേക്കില്ല. എന്നാല് റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്, ഫ്ളേവേഡ് മില്ക്ക് തുടങ്ങിയ മൂല്യവര്ധിത ഉല്പ്പന്നങ്ങളുടെ വിപണിയിലേക്കുള്ള റിലയന്സിന്റെ കടന്നുവരവ് മേഖലയില് വലിയ മത്സരത്തിന് കളമൊരുക്കും.


















