ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമായേക്കും.
ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന് ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും.


















