എല്ലാ വർഷവും സെപ്റ്റംബർ 29 -ന് ലോക ഹൃദയദിനം ആചരിക്കുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിയ്ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഭക്ഷണം, ജീവിതശൈലി എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളും അത്ര തന്നെ മനുഷ്യ ജീവിതത്തിൻറെ നിറം കെടുത്തുന്നുണ്ട്. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചുവരികയാണ്. അതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഹൃദ്രോഗം.
ശരീരത്തിന് ഹൃദയം എത്രത്തോളം പ്രധാനമാണോ, അത്ര തന്നെ അപകടകരവുമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ലോക ഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം, ഹൃദ്രോഗം എന്നിവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കാം.
ഈ പുതിയ ജീവിതരീതിയിൽ കാർഡിയോവാസ്കുലർ രോഗാവസ്ഥകളെക്കുറിച്ച് (സിവിഡി) അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നിരന്തരമായ വളർച്ചാ നിരക്കിന്റെ ഒരു പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, തെറ്റായ ഭക്ഷണരീതികൾ, പഞ്ചസാര, ഉപ്പ്, ട്രാൻസ് ഫാറ്റുകൾ എന്നിവയുടെ അമിത ഉപയോഗം തന്നെയാണ്. നേരത്തെ പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നത്, എന്നാൽ നിലവിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും തന്നെ ഈ അവസ്ഥ കണ്ടു വരുന്നുണ്ട്. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.


















