തിരുവനന്തപുരം: ഓണത്തിന് മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപന ശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനം.
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.
കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി റെക്കോർഡ് മദ്യവിൽപന നടന്നത്. 1.06 കോടി രൂപയാണ് ഇവിടെ വിറ്റത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.



















