ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ബി.ജെ.പി. രാജ്യസഭാംഗത്വം നല്‍കുമോ എന്ന് രണ്ടുമാസംമുമ്പ് പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അദ്ദേഹത്തിന് ഭാരതരത്‌നമാണ് നല്‍കേണ്ടത് എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഇളയരാജയ്ക്ക് ഏതോ പദവി ലഭിക്കാന്‍പോകുന്നു എന്ന അഭ്യൂഹം ഏതായാലും ശരിയായി.
കല, സാംസ്‌കാരികരംഗത്തുനിന്നുള്ളവരില്‍നിന്ന് രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്ന സീറ്റുകളില്‍ ഒന്നാണ് ഇളയരാജയ്ക്കു നല്‍കിയത്. അതിനദ്ദേഹം സര്‍വഥാ യോഗ്യനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്ക്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യംചെയ്യുകവഴി അനാവശ്യവിവാദം സൃഷ്ടിച്ചശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്നുമാത്രം. തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണുന്നവരുമുണ്ട്.
അംബേദ്കറെയും മോദിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പുസ്തകത്തിന് എഴുതിയ മുഖവുരയിലാണ് ഇളയരാജ ഇരുവരുടെയും ജീവിത പശ്ചാത്തലത്തിലും പ്രവര്‍ത്തനരീതിയിലും സമാനതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ ഡി.എം.കെ. അനുകൂലികളുടെയും ഇടതുചിന്തകരുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു.



















