അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

Jan 21, 2026

അബുദാബി: ഇന്ത്യ– യുഎഇ തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ അബുദാബിയിൽ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത്. ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ യുഎഇയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പരിചയപ്പെടുത്തുക എന്നതാണ് സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിരിക്കും ഈ കേന്ദ്രം. ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തന്നെ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കാൻ അനുവദിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.

cake tower new
LATEST NEWS