നഗോയ: വനിതകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ തുരത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യ 19 റണ്‍സിന്റെ വിജയമാണ് പിടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാനിറങ്ങിയ പാക് ടീമിന് 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഗെയിംസില്‍ ഇന്ത്യയുടെ 19ാം സ്വര്‍ണമാണിത്.
212 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്ഥാനായി ഹസന്‍ നവാസ് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ വെല്ലുവിളിച്ച് പൊരുതിയെങ്കിലും അന്തിമ ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ താരത്തിനു സാധിച്ചില്ല. 51 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം ഹസന്‍ നവാസ് 96 റണ്‍സെടുത്തു.
പാകിസ്ഥാനായി മാസ് സദാഖത് മികച്ച രീതിയിലാണ് തുടക്കം നല്‍കിയത്. ക്യാപ്റ്റനും ഓപ്പണറുമായി സാഹിബ്‌സാദ ഫര്‍ഹാന്‍ തപ്പിത്തടഞ്ഞെങ്കിലും മറുഭാഗത്ത് മാസ് സദാഖത്ത് ഫോമിലായിരുന്നു. സ്‌കോര്‍ 33ല്‍ നില്‍ക്ക് ഫര്‍ഹാന്‍ മടങ്ങി. വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ 36ല്‍ നില്‍ക്കെ ഉസ്മാന്‍ ഖാനെ (3) അക്ഷര്‍ പട്ടേലും പുറത്താക്കി. പവര്‍ പ്ലേ അവസാനിച്ചതിനു പിന്നാലെ സ്‌കോര്‍ 39ല്‍ നില്‍ക്കെ പാകിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടമായി. മാസ് സദാഖത്താണ് ഔട്ടായത്. താരം 23 റണ്‍സ് കണ്ടെത്തി.
പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ഹസന്‍ നവാസ്- സയിം അയൂബ് സഖ്യം പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 87 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. സയിം അയൂബിനെ മടക്കി ശിവം ദുബെയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. താരം 29 റണ്‍സെടുത്തു.
ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ 2 വിക്കറ്റെടുത്തു.
നേരത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ അഭിഷേക് ശര്‍മയുടേയും തിലക് വര്‍മയുടേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ മുന്നില്‍ വച്ചത്. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് കത്തും ഫോമിലാണ് തുടക്കം നല്‍കിയത്. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് കളം അടക്കിവാണു. 20 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സ്.
സെമിയ്ക്ക് പിന്നാലെ ഫൈനലിലും വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും ബാറ്റിങിനെത്തി. സ്‌കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. താരം 9 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.
സ്‌കോര്‍ 93ല്‍ നില്‍ക്കെ അഭിഷേകിനെ പുറത്താക്കി ഒടുവില്‍ പാകിസ്ഥാന്‍ ആശ്വാസം കൊണ്ടു. പുറത്താകുമ്പോള്‍ താരം 7 സിക്‌സും 3 ഫോറും സഹിതം വെറും 28 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഇഷാന്‍ കിഷനാണ് നാലാം വിക്കറ്റായി മടങ്ങിയത്. സെമിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ ഇഷാന് ഫൈനലില്‍ ആ മികവ് ആര്‍ത്തിക്കാനായില്ല. നല്ല രീതിയില്‍ മുന്നോട്ടു പോകവെ അരാഫത് മിന്‍ഹാസിന്റെ പന്തില്‍ ഇഷാന്‍ ക്ലീന്‍ ബൗള്‍ഡായി. 18 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. ഇഷാന്‍ മടങ്ങി അധികം വൈകാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പുറത്തായി. ശ്രേയസ് 21 റണ്‍സാണ് സ്വന്തമാക്കിയത്.
പിന്നീട് ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച തിലക് വര്‍മ- ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 195ല്‍ നില്‍ക്കെ ആറാം വിക്കറ്റായി ശിവം ദുബെ മടങ്ങിയെങ്കിലും താരം തിലകിനൊപ്പം 62 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ദുബെ 15 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സെടുത്തു. അതിനിടെ തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടി. താരം 22 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ തിലകിനൊപ്പം അക്ഷര്‍ പട്ടേലും (1) പുറത്താകാതെ തുടര്‍ന്നു.
പാകിസ്ഥാനായി അഹമദ് ദനിയാല്‍, അരാഫത് മിന്‍ഹാസ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. സയം അയൂബ്, അബ്രാര്‍ അഹമദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.


















