പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

Nov 12, 2026

ഡല്‍ഹി: പ്രായം തെറ്റായി രേഖപ്പെടുത്തി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സംവിധാനം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ച് മെറ്റ. 13നും 17നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളായ ‘ടീന്‍ അക്കൗണ്ട്‌സ്’ ഉറപ്പാക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് തുടങ്ങുമ്പോള്‍ ജനനത്തീയതി തെറ്റായി നല്‍കി മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരെയും കണ്ടെത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

കൗമാരക്കാരുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കാണുന്നത് നിയന്ത്രിക്കുന്നതിനുമുള്ള മെറ്റയുടെ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. ചില രാജ്യങ്ങളില്‍ പ്രായം തിരിച്ചറിയുന്നതിനായി കൂടുതല്‍ സംവിധാനങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ ആപ്പിളിന്റെ പ്രായപരിധി സൂചിപ്പിക്കുന്ന സംവിധാനവും ഇതിനായി ഉപയോഗിച്ചു തുടങ്ങി. അമേരിക്കയിലെ മാതാപിതാക്കള്‍ക്ക് ഈ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമിന്റെ പ്രായം തിരിച്ചറിയുന്ന സംവിധാനത്തെക്കുറിച്ചും കൗമാരക്കാര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അറിയിപ്പുകള്‍ ലഭിക്കും.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൗമാരക്കാരന്റേതാണെന്ന് സൂചിപ്പിക്കുന്ന വിവിധ ഘടകങ്ങളാണ് മെറ്റയുടെ എഐ സാങ്കേതികവിദ്യ പരിശോധിക്കുന്നത്. അക്കൗണ്ട് ഉടമ ജനനത്തീയതി മുതിര്‍ന്ന ഒരാളുടേതായി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് സൂചനകളിലൂടെ യഥാര്‍ഥ പ്രായം തിരിച്ചറിയാന്‍ സംവിധാനത്തിന് സാധിക്കും. എന്നാല്‍ പ്രായം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല. തെറ്റായ പ്രായവിവരങ്ങള്‍ നല്‍കി അക്കൗണ്ട് ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരെ ടീന്‍ അക്കൗണ്ട് ക്രമീകരണങ്ങളിലേക്ക് മാറ്റുകയാണ് സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.

13 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്‍സ്റ്റഗ്രാമിലെ ടീന്‍ അക്കൗണ്ടുകള്‍. ഈ സംവിധാനത്തില്‍ കൗമാരക്കാര്‍ക്ക് ആര്‍ക്കൊക്കെ സന്ദേശമയക്കാം, അവര്‍ക്ക് ഏതുതരം ഉള്ളടക്കങ്ങള്‍ കാണാം, എത്രനേരം ആപ്പില്‍ ചെലവഴിക്കാം തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.

പരിചയമില്ലാത്തവരില്‍നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കുക, സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുക, കൂടുതല്‍ സമയം ആപ്പ് ഉപയോഗിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഓര്‍മിപ്പിക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ചില സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്.

2024 സെപ്റ്റംബറിലാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ചത്. കൗമാരക്കാരെ സ്വമേധയാ പ്രായത്തിന് അനുയോജ്യമായ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് മാറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യം. നിലവില്‍ ഫെയ്സ്ബുക്കിലും സമാന എഐ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ത്രെഡ്സിലും അവതരിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ അത്തരം അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യയിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.

ആപ്പിളിന്റെ സഹായത്തോടെ പ്രായപരിശോധന

പ്രായം തിരിച്ചറിയുന്നതിനായി ഓസ്ട്രേലിയയില്‍ ആപ്പിളിന്റെ ‘ഏജ് റേഞ്ച് സിഗ്‌നല്‍’ സംവിധാനവും മെറ്റ ഉപയോഗിച്ചു തുടങ്ങി. ഉപയോക്താവിന്റെ കൃത്യമായ ജനനത്തീയതിക്ക് പകരം അയാള്‍ ഏത് പ്രായപരിധിയിലാണ് ഉള്‍പ്പെടുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണിത്. മാതാപിതാക്കള്‍ കൗമാരക്കാര്‍ക്കുവേണ്ടി സ്മാര്‍ട്ട്ഫോണ്‍ സജ്ജീകരിക്കുമ്പോള്‍ ആപ്പ് സ്റ്റോറിന് ഉപയോക്താവിന്റെ പ്രായപരിധി സ്ഥിരീകരിക്കാനുള്ള അനുമതി നല്‍കാം. തുടര്‍ന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അയാളുടെ പ്രായപരിധി ആപ്പ് നിര്‍മാതാവിന് കൈമാറാന്‍ ആപ്പിളിന് സാധിക്കും. ഇതിലൂടെ ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാകും.

നിലവില്‍ സ്വമേധയാ ആണ് മെറ്റ ഈ സംവിധാനം ഉപയോഗിക്കുന്നത്. എന്നാല്‍ ആപ്പ് സ്റ്റോറുകളും ആപ്പ് നിര്‍മാതാക്കളും പ്രായവിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ബന്ധമല്ലാത്തിടത്തോളം വിവിധ പ്ലാറ്റ്ഫോമുകളിലെ പ്രായപരിശോധനാ സംവിധാനങ്ങളില്‍ ഏകീകൃത രീതി ഉണ്ടാകില്ലെന്നാണ് മെറ്റയുടെ വിലയിരുത്തല്‍. ഇതിനായി ആപ്പ് സ്റ്റോറുകള്‍ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുകയും കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ അനുമതി ഉറപ്പാക്കുകയും ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന നിയമനിര്‍മാണം വേണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സ്ഥിരീകരിച്ച പ്രായവിവരം വിവിധ ആപ്പുകളുമായി പങ്കുവക്കാന്‍ കഴിഞ്ഞാല്‍ ഓരോ പ്ലാറ്റ്ഫോമും പ്രത്യേകം പ്രായപരിശോധന നടത്തേണ്ട സാഹചര്യം കുറയുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആപ്പ് സ്റ്റോറുകളില്‍നിന്ന് ലഭിക്കുന്ന പ്രായവിവരങ്ങളില്‍ പിഴവുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ പ്ലാറ്റ്ഫോമുകളുടെ സ്വന്തം എഐ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മെറ്റ പറയുന്നു. ഇത്തരത്തില്‍ കണ്ടെത്തുന്ന തിരുത്തലുകള്‍ ആപ്പ് സ്റ്റോറുകളുമായി പങ്കുവെക്കുന്നതിലൂടെ വിവിധ ആപ്പുകളിലെ പ്രായവിവരങ്ങളുടെ കൃത്യത മെച്ചപ്പെടുത്താനും സാധിക്കും. വിവിധ രാജ്യങ്ങളില്‍ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നിയമങ്ങളും വ്യത്യസ്തമാണ്. ചില രാജ്യങ്ങളില്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രായം പരിശോധിക്കുന്നത്.

ഓരോ പ്ലാറ്റ്ഫോമും പ്രത്യേകം ഇത്തരം വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളെയാണ് മെറ്റ പിന്തുണയ്ക്കുന്നത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ സുരക്ഷ ശക്തമാക്കുന്നതിനും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ നടപടി കടുപ്പിക്കുന്നതിനിടെയാണ് മെറ്റയുടെ നീക്കം.

LATEST NEWS