കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാല് ജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നിട്ടു. തുടര്‍ ജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്കിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് നിലവില്‍ 14 പോയിന്റുകളുണ്ട്. ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. പഞ്ചാബിന് 13 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവരും അവസാന നാലില്‍ എത്തും.
മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 12 പോയിന്റുകളുണ്ട്. മൂന്ന് ടീമുകളും 10 മത്സരങ്ങളാണ് കളിച്ചത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമുണ്ട്. ഈ ഏഴ് ടീമുകളാണ് പ്ലേ ഓഫിലെ നാല് സ്ഥാനത്തേക്ക് ശക്തമായ അവകാശമുന്നയിച്ച് നില്‍ക്കുന്നത്. ടീമുകളുടെ സാധ്യതകള്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നിലവില്‍ ടൂര്‍ണമെന്റിലെ മൊത്തം മത്സരങ്ങള്‍ പരിശോധിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അപകടകരമായി നില്‍ക്കുന്ന സംഘം. സ്‌ഫോടനാത്മക ബാറ്റിങും പാറ്റ് കമ്മിന്‍സ് എത്തിയതോടെ ഉണര്‍ന്ന ബൗളിങ് നിരയും അവര്‍ക്ക് കരുത്തു പകരുന്നു. 11 മത്സരങ്ങളില്‍ നിന്നു 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ക്ക് ഒരു ജയം കൂടി നേടാനായാല്‍ പ്ലേ ഓഫിലെ നാലില്‍ ഒരു സ്ഥാനം സ്വന്തമാകും. നെറ്റ് റണ്‍റേറ്റ് പ്ലസ് 0.737 ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് പ്ലേ ഓഫിലെത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക.
പഞ്ചാബ് കിങ്‌സ്
തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ പഞ്ചാബ് കിങ്‌സ് സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് രണ്ടാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. 10 കളിയില്‍ നിന്നു 13 പോയിന്റുമായി അവര്‍ രണ്ടാമതുണ്ട്. ബാറ്റിങില്‍ മുന്‍നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും അവസാന മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് വിനയായി. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചു വരാനുള്ള നീക്കമായിരിക്കും അവര്‍ നടത്തുക. നിലവില്‍ പ്ലസ് 0.571 ആണ് പഞ്ചാബിന്റെ നെറ്റ് റണ്‍ റേറ്റ്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തോറ്റ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിനടുത്ത് അവര്‍ക്ക് എത്താം. ഇനിയുള്ള 4 മത്സരങ്ങള്‍ നിര്‍ണായകമെന്നു ചുരുക്കം. സാധ്യതകള്‍ അവരെ സംബന്ധിച്ചു വിസ്തൃതമായി തന്നെ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് പ്ലസ് 1.234 ആണ്. നെറ്റ് റണ്‍റേറ്റ് കണക്കിലും അവര്‍ സുരക്ഷിതമാണ്.
രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിനും 12 പോയിന്റുകളുണ്ട്. അവരുടെ സാധ്യതകളും തുറന്നു തന്നെ കിടക്കുന്നു. ഇനിയുള്ള മത്സരങ്ങളാണ് രാജസ്ഥാനും നിര്‍ണായകമാകുന്നത്. ഫലങ്ങള്‍ മാറി മാറിയാണ് വരുന്നതെങ്കിലും പ്രതീക്ഷ രാജസ്ഥാന്‍ കൈവിട്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അടുത്ത നാല് മത്സരങ്ങളാണ് രാജസ്ഥാനും ഉറ്റുനോക്കുന്നത്. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റും മോശമല്ല. പ്ലസ് 0.510.
ഗുജറാത്ത് ടൈറ്റന്‍സ്
അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഗുജറാത്തും പ്രതീക്ഷയോടെ നോക്കുന്നത്. നെറ്റ് റണ്‍റേറ്റ് പക്ഷേ അവര്‍ക്ക് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ക്ക് മത്സരമുണ്ട്. ഈ പോരാട്ടം ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുമാകും ഗുജറാത്ത് ശ്രമിക്കുക. നിലവില്‍ നെഗറ്റീവ് 0.147 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതാണ് സിഎസ്‌കെയുടെ ബോണസ്. 10 മത്സരങ്ങളില്‍ നിന്നു 10 പോയിന്റാണ് അവര്‍ക്ക്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പുഷ്പം പോലെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പ്ലസ് 0.151 ആണ് നെറ്റ് റണ്‍റേറ്റ്. സാധ്യതകള്‍ സജീവമാണ് ചെന്നൈക്ക് മുന്നില്‍.
കൊല്‍ക്കത്ത നൈറ്റ്‌റഡേഴ്‌സ്
തുടരെ മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശയിലാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അമ്പരപ്പിക്കുന്ന സ്ഥിരതയാണ് അവസാന നാല് മത്സരങ്ങളില്‍ പുറത്തെടുത്തത്. ഒരു മത്സരം മഴയെടുത്തതിനാല്‍ ഒരു പോയിന്റ് കിട്ടിയതടക്കം 10 കളിയില്‍ നിന്നു 9 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കുകയും നെറ്റ്‌റേറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ കെകെആറിനും സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും അവര്‍ നിലവില്‍ സ്ഥിരത കാണിക്കുന്നത് പ്ലസ് പോയിന്റാണ്.
ഡല്‍ഹി, മുംബൈ, ലഖ്‌നൗ
ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് മുന്നില്‍ നിലവില്‍ വലിയ സാധ്യതകള്‍ ഇല്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റുമൊക്കെ അവസാന കണക്കെടുപ്പില്‍ വരും.
നിലവില്‍ 8 പോയിന്റുകളാണ് ഡല്‍ഹിക്ക്. 11 മത്സരങ്ങളും അവര്‍ കളിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റേ അവര്‍ക്ക് കിട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാം.
മുംബൈ, ലഖ്‌നൗ ടീമുകളുടെ സാധ്യതകളും ഏതാണ്ട് ഡല്‍ഹിക്കു സമാനമാണ്. ഇരു ടീമുകള്‍ക്കും 6 പോയിന്റ് മാത്രമാണ്. ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ 14 പോയിന്റാകും. അപ്പോഴും ഡല്‍ഹിയുടെ കാര്യം പറഞ്ഞതു പോലെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം.



















