തിരുവനന്തപുരം: ഈമാസം 30 മുതൽ പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിക്കുന്ന അനന്തപുരി ചക്ക മഹോൽസവത്തിന്റെ പ്രചണോദ്ഘാടനം ഗായകൻ എംജി ശ്രീകുമാർ നിർവഹിച്ചു. എംജി ശ്രീകുമാറിന്റെ വസതിയിലെ “വൈറൽ പ്ലാവിൻ്റെ” മുന്നിൽ വെച്ചാണ് മേളയുടെ പോസ്റ്ററും ടൈറ്റിലും സിസ്സ ജനറൽ സെക്രട്ടറി ഡോ.സി സുരേഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തത്.
സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ )യുടെ നേതൃത്വത്തിൽ കേരളത്തിലെ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് അനന്തപുരി ചക്ക മഹോൽസവം സംഘടിപ്പിക്കുന്നത്. കോവിഡിന് മുമ്പായി കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെയും ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്. മേളയുടെ ഉദ്ഘാടനം 30ന് ഡപ്യൂട്ടി മേയർ പി കെ രാജു നിർവഹിക്കും. ”നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും” എന്ന സന്ദേശമുയര്‍ത്തിയാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.

















