ജയസൂര്യയും നടിയും ഒരു സിനിമയിൽ അഭിനയിച്ചു, പക്ഷേ തെളിവില്ല; ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

Jun 11, 2025

seena

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസിൽ നടൻമാരായ ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെ തെളിവില്ലെന്ന് പൊലീസ്. ഇതോടെ നടന്മാർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരായ ബലാത്സം​ഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടില്ല. കിട്ടിയ തെളിവുകൾ വച്ച് കുറ്റപത്രം സമർപ്പിക്കണമോ എന്നും എഡിജിപിയുടെ അഭിപ്രായ പ്രകാരം തീരുമാനിക്കും.

2008 ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു നടൻമാരും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജയസൂര്യ സെക്രട്ടേറിയറ്റിൽ വച്ചും ബാലചന്ദ്ര മേനോൻ വഞ്ചിയൂരിലെ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ പരാതിപ്പെട്ടത്.

നടിയും ജയസൂര്യയും ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ പീഡനം നടന്നു എന്നതിന് തെളിവ് ലഭിച്ചില്ല. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ ശുചിമുറി പിന്നീട് പൊളിച്ച് വനം മന്ത്രിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. അതുകൊണ്ട് പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല.

ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷി മൊഴിയോ ഇല്ല. തനിക്കു വേണ്ടി സാക്ഷി പറയാൻ നടി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ഹാജരാക്കിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയത്. ഇതും കേസിന് തിരിച്ചടിയായി.

cake tower new
LATEST NEWS