പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയ സാഹചര്യത്തിലാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്.

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത് ഉഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന പരാതിയില്‍ കോടതി തഹസില്‍ദാരുടെ ജീപ്പും താലൂക്ക് ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
എന്നാല്‍ പ്രകൃതിദുരന്ത സാധ്യതയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ഓഫിസില്‍ നോക്കിയിരിക്കാന്‍ തയ്യാറാകാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, കഴിഞ്ഞ ദിവസം ടിപ്പര്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.


















