ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ജിദ്ദ ടവര്‍ 120 നിലകള്‍ പിന്നിട്ട് മുന്നോട്ട്. ടവറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് ക്ലാഡിങ് പാനലുകളുടെ 14 ശതമാനവും സ്ഥാപിച്ചു കഴിഞ്ഞു. നിലവില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണെന്ന് കിങ്ഡം ഹോള്‍ഡിങ് കമ്പനി അറിയിച്ചു.
ഒരു കിലോമീറ്ററിലധികം ഉയരത്തില്‍ രൂപകല്‍പന ചെയ്ത ജിദ്ദ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദുബൈയിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 180 മീറ്ററിലധികം ഉയരത്തിലായിരിക്കും ഇത്. ഇരുനൂറിലധികം നിലകളുള്ള ലോകത്തിലെ ആദ്യ കെട്ടിട സമുച്ചയമെന്ന ചരിത്രനേട്ടവും ജിദ്ദ ടവറിനെ കാത്തിരിക്കുന്നു.
ടവറിന്റെ പ്രധാന ആകര്‍ഷണമായ സ്‌കൈ ടെറസിന്റെ സ്റ്റീല്‍ നിര്‍മാണ കരാര്‍ ലഭിച്ച കമ്പനിയും പദ്ധതി പ്രദേശത്ത് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിടത്തിന്റെ ഉയരം 500 മീറ്റര്‍ എത്തുമെന്ന് കിങ്ഡം ഹോള്‍ഡിങ് സിഇഒ തലാല്‍ ഇബ്രാഹിം അല്‍ മൈമന്‍ പറഞ്ഞു.
സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുന്നത്. 2024 ഒക്ടോബറിലാണ് ടവര്‍ പൂര്‍ത്തിയാക്കാനായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പുമായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് 2025 ജനുവരിയില്‍ ഔദ്യോഗികമായി നിര്‍മാണ പ്രവര്‍ത്തനങ്ങളും കോണ്‍ക്രീറ്റിങ്ങും പുനരാരംഭിക്കുകയായിരുന്നു.
720 കോടി റിയാലാണ് ഈ ബൃഹദ് കരാറിന്റെ ആകെ ചെലവ് കണക്കാക്കുന്നത്. പൂര്‍ത്തിയായ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗിക തുകയായി ഇതിനകം 110 കോടി റിയാല്‍ നല്‍കിയിട്ടുണ്ട്. 42 മാസമാണ് കരാര്‍ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.



















