കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ട് പേര് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ജയ്സിയുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത് കൈക്കലാക്കാന്‍ വേണ്ടിയാണ് ഗിരീഷ് ബാബു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. കൊല നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയില അപ്പാർട്ട്മെന്റിലായിരുന്നു താമസം.


















