ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ആറ് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു. സബ്‌സിഡി നിരക്കില്‍ തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന, തമിഴ് പ്രേക്ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
വര്‍ധിച്ചു വരുന്ന നിര്‍മാണച്ചെലവുകള്‍, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസന്റെ നിവേദനത്തില്‍ പറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ ആവശ്യം.
കൂടാതെ ആന്റി പൈറസി ടീം രൂപീകരിക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ടിവികെ സര്‍ക്കാരിനോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ജനനായകനടക്കം പൈറസി പ്രതിസന്ധി നേരിട്ടിരുന്നു. “ആയിരക്കണക്കിനു കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഠിനാധ്വാനത്തെ പൈറസി നശിപ്പിക്കുകയാണ്. അതിനെതിരെ തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വകുപ്പിനുള്ളില്‍ ആന്റി പൈറസി എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം. പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ ഉടനടി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം” : കമല്‍ഹാസന്റെ നിവേദനത്തില്‍ പറയുന്നു.




















