കാഞ്ഞിരപ്പള്ളിയിൽ ഏഴു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനാപകടം ആത്മഹത്യാശ്രമം; കാർ ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Nov 2, 2026

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ ചോറ്റി ജംഗ്ഷനിലുണ്ടായ ഏഴു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനാപകടം ഡ്രൈവറുടെ ആത്മഹത്യാശ്രമമാണെന്ന് പൊലീസ്. റോഡിൽ അമിതവേഗതയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു.

സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ പുത്തൂർ സ്വദേശി ശാരോണിൺ ഫിലിപ്പിനെ (27) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമുള്ള നരഹത്യാശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ ശാരോണിൺ നിലവിൽ പൊലീസ് കാവലിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു ചോറ്റി ജംഗ്ഷനെ വിറപ്പിച്ച നാടകീയ അപകടം. മുണ്ടക്കയം ഭാഗത്തുനിന്നും അമിതവേഗതയിൽ പാഞ്ഞെത്തിയ പ്രതിയുടെ കാർ ആദ്യം മുന്നിൽ പോവുകയായിരുന്ന മറ്റൊരു കാറിൽ ചെറുതായി തട്ടി. തുടർന്ന് വേഗത ഒട്ടും കുറയ്ക്കാതെ മുന്നോട്ട് കുതിച്ച കാർ അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറി. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു.

നിയന്ത്രണം വിട്ട കാർ എതിർദിശയിൽ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും, തുടർന്ന് ചോറ്റി റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറാൻ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് ഒടുവിൽ നിന്നത്. ആകെ അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിയിൽ തകർന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും ശാരോണിൺ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായാണ് ഇയാളെ പുറത്തെടുത്തത്.

അപകടത്തിൽ കുട്ടികളടക്കം പത്തുപേർക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), കൂട്ടിക്കൽ മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), ഇവരുടെ മക്കളായ എം.എസ്. അദ്വൈത് (9), എം.എസ്. ആവണി (4), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമുട് രാജു (71) എന്നിവർക്കാണ് പരിക്കേറ്റത്.

ശ്യാംജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കാർ പാഞ്ഞുകയറിയതോടെ ഓട്ടോ റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന നാലുവയസ്സുകാരി ആവണിയടക്കമുള്ള യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്നുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

LATEST NEWS
ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ: 'മുറസു' ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ...