കൊച്ചി: ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുതിപ്പ് നേടിയ കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്. കൊച്ചി മെട്രോയില്‍ ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ശരാശരി തൊണ്ണൂറായിരത്തിനുമുകളില്‍ ആളുകളാണ് യാത്ര ചെയ്യുന്നത്.
സ്ഥിരം യാത്രികരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടാകുന്നതിനാല്‍ വരുംമാസങ്ങളില്‍ത്തന്നെ ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.
2017 ജൂണ്‍ 17നാണ് ആലുവ മുതല്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി മെട്രോ സര്‍വീസ് തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ വരെ എത്തിനില്‍ക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ടെര്‍മിനല്‍വരെ 28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട്.

















