കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഗതാഗതം വഴിതിരിച്ചുവിടും.ശ്രീനാരായണ ജങ്ഷൻ (എസ്.എൻ. ജങ്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡ് ഭാഗമാണ് താത്കാലികമായി അടച്ചിടുന്നത്. നാളെ മുതലാണ് നിയന്ത്രണം.
ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ എസ്.എൻ. ജങ്ഷനിൽ നിന്ന് പാലാരിവട്ടം ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കലൂർ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദർശിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുത്തത്.
ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ മുന്നോടിയായി റോഡ് താത്കാലികമായി അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മെട്രോ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് ട്രയൽ റൺ അടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കും. ഒരു മാസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾ യാത്രാവേളകളിൽ ഈ ഗതാഗത ക്രമീകരണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർത്ഥിച്ചു.



















