സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു മൂന്നാം ജയം. ഹരിയാനയ്ക്കെതിരെ മൂന്നു വിക്കറ്റിനാണു കേരളത്തിന്റെ വിജയം. ടോസ് നഷ്ടപ്പെട്ടു ബാറ്റു ചെയ്ത ഹരിയാന ഏഴു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തുകൾ ബാക്കി നിൽക്കെ ഏഴു വിക്കറ്റു നഷ്ടത്തിൽ കേരളം വിജയ റൺസ് കുറിച്ചു.

കേരള ടീമിൽ തിരിച്ചെത്തിയ സഞ്ജുവിനു മത്സരത്തിൽ തിളങ്ങാനായില്ല. നാലു പന്തിൽ മൂന്നു റൺസ് മാത്രമെടുത്താണു സഞ്ജു പുറത്തായത്. ഓപ്പണർമാര്‍ 52 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിനു സമ്മാനിച്ചെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് ഈ മികവ് പിന്തുടരാനായില്ല. മുഹമ്മദ് അസ്ഹറുദ്ദീൻ (11 പന്തിൽ 13), സച്ചിൻ ബേബി (ആറ് പന്തിൽ നാല്), കൃഷ്ണപ്രസാദ് (14 പന്തിൽ ഒൻപത്), സിജോ മോൻ ജോസഫ് (16 പന്തിൽ 13) എന്നീ മധ്യനിര താരങ്ങൾക്കു മികച്ച പ്രകടനം നടത്താനായില്ല. കേരളത്തിനായി പി.എ. അബ്ദുൽ ബാസിത്ത് (15 പന്തിൽ 27), രോഹൻ എസ്. കുന്നുമ്മൽ (18 പന്തിൽ 26), വിഷ്ണു വിനോദ് (26 പന്തിൽ 25) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി. ടൂർണമെന്റിൽ സഞ്ജു സാംസണിന്റെ കീഴിൽ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ അരുണാചൽ, കർണാടക ടീമുകൾക്കെതിരെ കേരളത്തെ നയിച്ചത് സച്ചിൻ ബേബിയായിരുന്നു.
വാലറ്റത്ത് പി.എ അബ്ദുൽ ബാസിത്ത് നടത്തിയ ചെറുത്തു നിൽപാണ് ഒരോവർ ബാക്കി നിൽക്കെ കേരളത്തിനു വിജയം കൊണ്ടുവന്നത്. 15 പന്തുകൾ നേരിട്ട താരം 27 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മൂന്നു ഫോറും ഒരു സിക്സുമാണു താരം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹരിയാനയെ സുമിത് കുമാർ (23 പന്തിൽ 30), ജയന്ത് യാദവ് (25 പന്തില്‍ 39) എന്നിവർ ചേർന്നാണു നൂറു കടത്തിയത്. പ്രമോദ് ചാണ്ടില 33 പന്തിൽ 24 റൺസെടുത്തു പുറത്തായി.


















