നാവായിക്കുളത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളൂര്‍ക്കോണം എസ്.ജെ.നിവാസില്‍ ജാസ്മിനെ(39) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാതൃസഹോദരനായ മുഹമ്മദ് ഇസ്മയിലാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. നാവായിക്കുളം വെള്ളൂര്‍ക്കോണം പള്ളിക്ക് സമീപം ജാസ്മിന്റെ പിതാവ് നടത്തുന്ന കടയില്‍ പെട്രോളുമായി എത്തിയാണ് ഇസ്മയില്‍ ആക്രമണം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
കടയിലും ജാസ്മിന്റെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ പുറത്തേക്കിറങ്ങി ഓടിയ യുവതി നിലത്ത് കിടന്ന് ഉരുണ്ടു. നാട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എന്നാല്‍ ഇയാള്‍ വിഷം കഴിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന വഴിത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.



















