ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
ഭക്ഷ്യസുരക്ഷയുമായി പരാതികൾ നൽകാനുള്ള ടോൾ ഫ്രീ നമ്പറും (18004251125) വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് അറിയിച്ചു.
ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കു കടകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. വെബ്പോർട്ടൽ വഴി ലൈസൻസ്/ രജിസ്ട്രേഷൻ നടത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറെയോ ഭക്ഷ്യസുരക്ഷാ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ foodsafety.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണെന്നും ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.