വക്കം/തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്‍ദാനം 26-08-25 (ചൊവ്വ) രാവിലെ 11ന് നടക്കും.
വക്കം അടിവാരത്ത് നടക്കുന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയും വിഖ്യാത ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുഖ്യാതിഥിയായി ഗായകന്‍ ആദിത്യസുരേഷ് പങ്കെടുക്കും.

വക്കം സ്വദേശി ചലനപരിമിതയായ ഇന്ദിരയ്ക്കും മകന്‍ ബൗദ്ധിക പരിമിതനായ രാഹുലിനുമാണ് പദ്ധതി പ്രകാരം വീട് ലഭിച്ചത്. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
എസ്.എസ്.ബി.എം പ്രൊവെന്‍ചേഴ്സിന്റെ നേതൃത്വത്തില്‍ റിയാദ് റഷീദ് ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വക്കം സ്വദേശി ഷക്കീബില്‍ നിന്നും സൗജന്യ നിരക്കില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ 3 സെന്റ് ഭൂമി വാങ്ങിയിരുന്നു. 540 ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള വീട്ടില്‍ വീല്‍ ചെയര്‍ കടന്നുപോകാന്‍ പാകത്തിലുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്റൂം തുടങ്ങിയവ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പറം, വയനാട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
![]()
![]()


















