മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുകയാണ്. മെയ് ഒന്നിന് ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. പേട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
താനും മോഹൻലാലും ചിത്രത്തിലെത്തുന്നത് പസ്പരം തല്ലു കൂടാനോ പഞ്ച് ഡയലോഗ് പറയാനോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു. “മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് അത്രത്തോളം സ്വീകരിക്കില്ല.
കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടു പേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്.
ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്‌സ്യൽ വാല്യൂവും ഉള്ളവരാണ്. ഈ സ്റ്റാർഡം ഒക്കെ നിങ്ങൾ ഉണ്ടാക്കി തന്നതാണ്. സിനിമയിൽ ഇത്തരത്തിൽ അഭിനയിക്കാനും വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്.
ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്. മലയാള സിനിമാ പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത കഥാപാത്രങ്ങളായാണ് ഞങ്ങൾ വരുന്നത്. പരിചയമില്ലാത്ത കഥാപശ്ചാത്തലമാണ് ഈ സിനിമയുടേത്. ദേശീയ- അന്തർദേശീയതലത്തിലേക്ക് നമ്മുടെ കഥാ പരിസരം മാറുകയാണ്.
നമ്മൾ അത്രത്തോളം വളരുന്നു എന്നതിന്റെ തെളിവാണിത്. ഈ സിനിമ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇത്തരമൊന്ന് സംഭവിക്കാൻ ഇനിയും മലയാള സിനിമയിൽ പത്തോ പതിനഞ്ചോ വർഷം കഴിയണം. നമ്മൾ പതിനഞ്ച് കൊല്ലം മുൻപിലാണ്, പുറകിലല്ല. അതുകൊണ്ട് ധൈര്യമായിട്ട് ഇങ്ങനെയൊരു സിനിമയെടുക്കാൻ സാധിച്ചു. അതിന് പ്രൊഡക്ഷൻ സൈഡിൽ നിന്നും മറ്റ് ടെക്നീഷ്യൻമാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചു.
ഇനി വേണ്ടത് പ്രേക്ഷകരുടെ സഹകരണമാണ്. ഈ സിനിമയുടെ ഫോട്ടോഗ്രാഫിയും മേക്കിങ്ങും ഒരു പുതിയ കാഴ്ചയായിരിക്കും. നമ്മൾ കണ്ടുശീലിച്ച രീതികളിൽ നിന്ന് വലിയൊരു മാറ്റം ഇത് കൊണ്ടുവരും. ഈ ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടാൽ അത് മലയാള സിനിമയുടെ വലിയൊരു മുതൽക്കൂട്ടും നാഴികക്കല്ലുമായി മാറും.
വലിയ സിനിമകൾ നിർമ്മിക്കാനും വിജയിപ്പിക്കാനും മലയാളി പ്രേക്ഷകർക്ക് സാധിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഇതൊരു പാൻ ഇന്ത്യൻ സിനിമയല്ല, മറിച്ച് മലയാളികൾക്ക് വേണ്ടിയുള്ള സിനിമയാണ്. മലയാളം സംസാരിക്കുന്ന സിനിമയാണിത്. ഇതിൽ സായിപ്പുമാരാരും മലയാളം പറയുന്ന സിനിമയല്ല ഇത്.
സായിപ്പുമാരൊക്കെ ഇംഗ്ലീഷ് തന്നെയാണ് സംസാരിക്കുന്നത്. ഇവിടുത്തെ പ്രേക്ഷകർക്ക് വേണ്ടി എടുത്ത സിനിമയാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ആ ധൈര്യത്തിൽ നമുക്ക് വേണമെങ്കിൽ മറ്റുള്ളവരെ കാണിക്കാം. ഈ സിനിമ പാൻ ഇന്ത്യൻ ആയിട്ട് എടുത്തിട്ടില്ല, പാൻ ഇന്ത്യൻ ആക്കേണ്ടത് പ്രേക്ഷകരാണ്”. – മമ്മൂട്ടി പറഞ്ഞു.



















