ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ഗാരി മേഖലയിലാണ് സംഘര്‍ഷം രൂപപ്പെട്ടത്. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനായി സൈന്യവും രംഗത്തെത്തി.
മെയ് മൂന്നു മുതല്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തതടക്കമുള്ള ക്രൂര സംഭവങ്ങള്‍, ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് പുറംലോകമറിഞ്ഞത്. സ്ത്രീകളെ നഗ്നപരേഡ് ചെയ്യിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്‌സിതോയ് (19) ആണ് പിടിയിലായത്.നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, മെയ് നാലിന് രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്തു കൊന്നു എന്ന വിവരം കൂടി പുറത്തുവന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്.



















