വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Sep 18, 2026

seena

നിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാര ശൃംഖലയിലെ അധ്യാപകന്റെ പങ്ക് പുറത്തുവന്നത്.

അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും നിരന്തരമായി എംഡിഎംഎ കൈമാറാറുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ ജോലി ചെയ്തുവരുന്ന അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വൻതോതിൽ രാസലഹരി എത്തിച്ചുനൽകുന്ന ആളാണെന്ന് വ്യക്തമായത്.

കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലുള്ള ലഹരി മൊത്തവിതരണക്കാരിൽനിന്നാണ് ഇയാൾ വൻതോതിൽ എംഡിഎംഎ വാങ്ങിയിരുന്നത്. തുടർന്ന് ഇത് ചെറിയ അളവുകളിലാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും ആവശ്യാനുസരണം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

നിലമ്പൂർ ഡിവൈഎസ്പി കെ. റഫീക്കിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്. ലഹരി മാഫിയയുടെ കൂടുതൽ കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

ലഖ്‌നൗ: അന്തരിച്ച ഭർത്താവിന്റെ പേരിലുള്ള വ്യക്തിഗത വായ്പാ കുടിശ്ശിക തീർക്കാനായി വിധവയായ ഭാര്യയുടെ...