കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും ഹൈക്കോടതി . നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ എല്ലാ തെളിവുകളും ശേഖരിച്ചോ എന്ന് അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതിനിടെ, അപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവെക്കുന്ന ഇഡിആർ പരിശോധനാഫലം പുറത്തുവന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡ് കൊണ്ടാണെന്നും ബിഎംഡബ്ല്യൂ അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിലുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ചശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്. അപകടത്തിൽ സുഹൈലിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.



















