വാഹന ഉടമകളുടെ വാട്സാപ്പിലേക്ക് ട്രാഫിക് പിഴ സംബന്ധിച്ച് സ്വകാര്യ ഏജൻസികളുടെയും ആപ്പുകളുടെയും സന്ദേശങ്ങൾ ലഭിക്കുന്നത് വ്യാപകമാകുന്നു.സർക്കാരിന്റെയോ പോലീസിന്റെയോ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നല്ലാതെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സന്ദേശങ്ങൾക്ക് പിന്നിൽ സ്വകാര്യ പ്ലാറ്റ്‌ഫോമുകൾ.
വാഹന നമ്പർ, നിലവിലുള്ളതോ പഴയതോ ആയ ചലാൻ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്വകാര്യ തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നത്. കോടതി നടപടികൾ, വാഹനം കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നിയമപരമായ മുന്നറിയിപ്പുകൾ നൽകിയാണ് ഇത്തരം സന്ദേശങ്ങളിൽ പിഴയടക്കാൻ നിർദ്ദേശിക്കുന്നത്. എന്നാൽ, ഇവ സർക്കാരിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ (MVD) ഔദ്യോഗിക വാട്സാപ്പ് സന്ദേശങ്ങളല്ല; മറിച്ച് വിവരങ്ങൾ നൽകുന്നതിനും മാർക്കറ്റിംഗിനുമായി സ്വകാര്യ കമ്പനികൾ അയക്കുന്ന അറിയിപ്പുകളാണ്.
*പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
സ്വകാര്യ ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ പിഴയടക്കുമ്പോൾ യഥാർത്ഥ പിഴത്തുകയ്ക്ക് പുറമെ അധിക തുക (കൺവീനിയൻസ് ഫീ) ഈടാക്കപ്പെടാൻ സാധ്യതയുണ്ട്.
മോട്ടോർ വാഹന വകുപ്പോ കേരള പോലീസോ വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നുള്ള വാട്സാപ്പ് സന്ദേശങ്ങൾ വഴിയല്ല ഔദ്യോഗികമായി പിഴ വിവരങ്ങൾ പങ്കുവെക്കുന്നത്.



















