കണ്ണൂർ: മലയോര മേഖലയായ ഉദയഗിരിയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെയും ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. ഉദയഗിരി പുളിക്കക്കുന്നേൽ വീട്ടിൽ പി.എസ്. ദിൽന (26), മകൾ എബാറിൻ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് പൊലീസ് സംഘം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഒൻപതിനും ഉച്ചയ്ക്ക് പന്ത്രണ്ടിനും ഇടയിലുള്ള സമയത്താണ് വീട്ടിൽനിന്ന് ദിൽനയെയും കുഞ്ഞിനെയും കാണാതാകുന്നത്. വീട്ടിലും പരിസരങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദിൽനയുടെ പിതാവ് ഷാജി പൗലോസ് ആലക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും കോഴിക്കോട് പന്തീരാങ്കാവ് ഭാഗത്തുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് സംഘം നേരിട്ടെത്തി സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. ഇരുവരെയും നാട്ടിലെത്തിച്ച് വൈദ്യപരിശോധനയ്ക്കും തുടർനടപടികൾക്കും ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.



















