തൃശ്ശൂർ: കാറളത്ത് വയോധിക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. മോഷണശ്രമത്തിനിടെയാണ് സാവിത്രി (79) കൊല്ലപ്പെട്ടത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. സാവിത്രി ധരിച്ചിരുന്ന 16 പവനോളം സ്വർണം നഷ്ടമായിട്ടുണ്ട്. സംഭവസമയം സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് വിജയനുമായി മകനും മരുമകളും ആശുപത്രിയിൽ പോയതായിരുന്നു. വൈകുന്നേരം നാലോടെ ചെറുമകൾ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടാകെ മുളകുപൊടി വിതറിയിട്ടുണ്ട്. വീട്ടിൽ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. വയോധിക ധരിച്ചിരുന്ന വളകൾ, മാല, മോതിരങ്ങൾ എന്നിവ നഷ്ടമായിട്ടുണ്ട്.





















